ഐതിഹ്യം
കോട്ടയം പട്ടണത്തിന് തെക്കുകിഴക്കുഭാഗത്തായി മൂലവട്ടം കരയില്‍ ആശ്രിത വത്സലയായി അനുഗ്രഹം ചൊരിഞ്ഞു കുടികൊള്ളുന്ന ഉജ്ജ്വല ശക്തി സ്വരൂപിണി. കയ്യില്‍ ത്രിശൂലവും ശംഖ ചക്രങ്ങളും മാറില്‍ കപാലമാലയും മുടിയില്‍ ചന്ദ്രക്കലയും ചൂടി ശത്രുസംഹാരമൂര്‍ത്തിയായി, അര്‍ത്ഥിപ്പവര്‍ക്ക് അഭയ- വരദായിനിയായി ഈരെഴു ലോകവും നിറഞ്ഞു വിളങ്ങുന്ന ചൈതന്യമായി, ദേശാധിപതിയായി കുടികൊള്ളുന്ന ജഗദീശ്വരി. അതാണ് കുറ്റിക്കാട്ട് ദേവീക്ഷേത്രത്തില്‍ വാണരുളുന്ന ശ്രീ ഭദ്രകാളി. ഭക്ത ജനസഹസ്രങ്ങളുടെ കുറ്റിക്കാട്ട് അമ്മ.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ പ്രദേശത്തു വിറകു ശേഖരിക്കാന്‍ വന്ന സ്ത്രീകള്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായി, ആ കാട്ടിനുള്ളിലെ കരിമ്പന ചുവട്ടില്‍ ഒരു കല്‍വിളക്കും അതില്‍ തെളിഞ്ഞു കത്തുന്ന ഭദ്രദീപവും കണ്ടു. ഇളകാതെ -പകല്‍പോലും തെളിഞ്ഞു കത്തുന്ന അതിന്‍റെ ഉജ്ജ്വല പ്രഭയില്‍ അവര്‍ അത്ഭുതപ്പെട്ടു. എവിടെ നിന്ന് എന്ന് അറിയില്ല അവരുടെ അടുക്കലേക്ക് തേജസ്വിനിയായ ഒരു മധ്യവയസ്ക കടന്നു വരികയും തെളിഞ്ഞു കത്തുന്ന ദീപപ്രഭ ഭദ്രകാളി സാന്നിധ്യം ആണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അത് കേട്ട് ദേവീ സ്തുതിയോടെ തൊഴുതുനിന്ന അവരുടെ മുന്നില്‍ നിന്നും ആ സ്ത്രീ എങ്ങോ പോയി മറഞ്ഞു. തുടര്‍ന്ന് ദേവജ്ഞര്‍ അവിടെ ശ്രീഭദ്രയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ അവിടെ പൂജയും ആരംഭിച്ചു.
താമസ, രാജസ, സാത്വിക പൂജാവിധികളില്‍ താമസ, രാജസ ശൈലികളില്‍ ആയിരുന്നു ഇവിടെ പൂജാകര്‍മ്മങ്ങള്‍ അന്ന് ചെയ്തു തുടങ്ങിയത്. പതുക്കെ പതുക്കെ ആ സന്നിധി സമൂഹത്തില്‍ സാധാരണക്കാരുടെ അഭയ സങ്കേതമായി മാറി. ഇന്ന് ജാതി മത വ്യത്യാസമില്ലാതെ സര്‍വ്വജന-സമാദരണീയ ദേവീ സന്നിധിയായി ഈ ക്ഷേത്രം മാറിയിരിക്കുന്നു.
ചരിത്രം
നൂറ്റാണ്ടുകളുടെ കാലപ്പഴക്കം ഈ ക്ഷേത്രത്തിന് ഉണ്ട് എന്ന് വിശ്വസിക്കുന്നു. പ്രാചീന ശൈലിയില്‍ വാമാചാര (പകാരം ആരാധന ചെയ്തിരുന്ന ഇവിടെ, മൃഗ ബലി അടക്കമുള്ള കൗളമാര്‍ഗമാണ് പണ്ട് പൂജയ്ക്ക് സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ അതി ശക്തമായ ഭദ്രകാളി ചൈതന്യം ഈ പ്രദേശത്ത് ഇന്നും നിലനില്‍ക്കുന്നു. ക്ഷിപ്രപ്രസാദിനിയാണ് അമ്മ.
അനുഭവസാക്ഷ്യങ്ങളുടെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഇന്നും ഈ നാട്ടില്‍ സര്‍വ്വസാധാരണമാണ്. പിന്നീട് ദേവീ കടാക്ഷം ലഭിച്ച പുണ്യാത്മാക്കള്‍ ഭദ്രകാളി പൂജ ചെയ്യാന്‍ കാലാകാലങ്ങളില്‍ വെളിച്ചപ്പാടന്‍മാരായി ഇവിടെ എത്തിച്ചേര്‍ന്നു.തന്‍റെ പൂജാകാര്യങ്ങള്‍ക്കായി വെളിച്ചപ്പാടന്‍മാരെ അമ്മതന്നെ നേരിട്ട് തെരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. അതായത് - അതാത് സമയങ്ങളില്‍ അമ്മ തന്നെ അവരെ തിരുനടയില്‍ കൊണ്ടുവന്ന്, അവരില്‍ സന്നിവേശിച്ച് ആ ദാത്യം ഏല്‍പ്പിക്കുകയായിരുന്നു.
മറ്റൊരു വിശേഷം “കിഴക്കന്‍ ചൊവ്വ” ക്ഷേത്രം എന്നറിയപ്പെടുന്ന വള്ളിയങ്കാവ് ദേവിയുടെ സാന്നിധ്യം തന്നെയാണ് കുറ്റിക്കാട്ട് കുടികൊള്ളുന്നത് എന്ന പ്രബലമായ വിശ്വാസമാണ്. അതുകൊണ്ടുതന്നെ വള്ളിയാങ്കാവിലേക്ക് എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ കുറ്റിക്കാട്ടമ്മയുടെ മുന്നില്‍ വന്ന് തൊഴുത് കാര്യസാധ്യങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുന്നു.കുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിലെ വെളിച്ചപ്പാടന്മാര്‍ വള്ളിയങ്കാവ് ക്ഷേത്രത്തിന്‍റെ ഉപാസകരായിരുന്നു എന്നതും ഇതിന്‍റെ ചരിത്ര സാക്ഷ്യമാണ്.
1999 വരെയും ഇതേ രീതിയില്‍ തന്നെ ആയിരുന്നു ഇവിടെ പൂജാകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പോന്നിരുന്നത്.ഇവിടുത്തെ അവസാന വെളിച്ചപ്പാട് ആയിരുന്ന സുരേന്ദ്രനച്ഛന്‍ ഒരു ദിവസം ദേവി സാന്നിധ്യം കൊണ്ട് ഉറഞ്ഞു തുള്ളി ചില വെളിപാടുകള്‍ പറയുകയുണ്ടായി. അതുവരെ കരിമ്പന ചുവട്ടിലെ കല്‍വിളക്കില്‍ തെളിഞ്ഞു നില്‍ക്കുന്ന ഭദ്രദീപവും ഉടവാളും മാത്രമായിരുന്നു ഇവിടുത്തെ ദേവി സാന്നിധ്യത്തിന്‍റെ അടയാളങ്ങള്‍. തന്നെ ഒരു കോവില്‍ കെട്ടി പ്രതിഷ്ഠിക്കണം എന്ന് അദ്ദേഹത്തിലൂടെ അമ്മ അരുളി ചെയ്തു. കൂടാതെ നിത്യ പൂജ തന്ത്ര വിധിപ്രകാരം ചെയ്യണമെന്നും വെളിപാട് ഉണ്ടായി. കുറ്റിക്കാട്ടമ്മയുടെ അഭീഷ്ടപ്രകാരം കാര്യങ്ങള്‍ മുന്നോട്ടു നീങ്ങി. ദാരിക നിഗ്രഹത്തിനുശേഷം കലിതുള്ളി നില്‍ക്കുന്ന ഭദ്രകാളി രൂപത്തെ ഒരു ശില്പത്തിലേക്ക് സന്നിവേശിപ്പിക്കുക എളുപ്പമായിരുന്നില്ല. പലതവണ ശ്രമിച്ചിട്ടും ശില്പികള്‍ പരാജയപ്പെട്ടു. ഒടുവില്‍ ഇന്ന് കാണുന്ന ഭാവപ്പകര്‍ച്ചകള്‍ ദേവീശില്‍പം തയ്യാറാക്കുകയായിരുന്നു.
1999-മിഥുനമാസത്തിലെ ചോതി നാളില്‍ പൂഞ്ഞാര്‍ ബ്രഹ്മശ്രീ. കാര്‍ത്തികേയന്‍ തന്ത്രികളുടെ മേല്‍നോട്ടത്തില്‍ പ്രതിഷ്ഠാകര്‍മ്മം പൂര്‍ത്തീകരിച്ചു. കൂടാതെ പരമ്പരാഗത പൂജാവിധികള്‍ കല്‍വിളക്കിന്‍ ചുവട്ടില്‍ നടന്നുവന്നു. ഒരു മൂല വിഗ്രഹത്തിന്‍റെ സ്ഥാനമാണ് കല്‍വിളക്കിന് ഇന്നും ഭക്തര്‍ കല്‍പ്പിക്കുന്നത്. പ്രതിഷ്‌ഠാകര്‍മ്മം നടന്നുവെങ്കിലും തുടര്‍ന്നുള്ള നവീകരണം പല കാരണങ്ങളാല്‍ അല്പം വൈകി. അതിനെ തുടര്‍ന്ന് നാട്ടില്‍ പല ദോഷങ്ങളും വന്നു ചേര്‍ന്നു. 2005ല്‍ പറവൂര്‍ ബ്രഹ്മശ്രീ. ശ്രീധരന്‍ തന്ത്രികളുടെ മേല്‍നോട്ടത്തില്‍ ദേവപ്രശ്നം നടന്നു. ഉടന്‍ തന്നെ ക്ഷ്രേതനിര്‍മ്മാണം പൂര്‍ത്തീകരിക്കണം എന്നും ചുറ്റമ്പലം, കൊടിമരം, ബലിക്കല്ല് തുടങ്ങി ദക്ഷിണേന്ത്യന്‍ ക്ഷ്രേത സങ്കല്‍പ്പത്തില്‍ നവീകരണം നടക്കണം എന്നും തീരുമാനമായി. തുടര്‍ന്നും തടസ്സങ്ങള്‍ പൂര്‍ണ്ണമായി മാറിയില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുവാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒരു അഷ്ടമംഗലദേവപ്രശ്നം നടത്തുകയുണ്ടായി. ഈ പുണ്യഭൂമിയില്‍ പണ്ട് മഹായാഗങ്ങളും ഹോമങ്ങളും മറ്റും നടന്നിരുന്നതാണെന്നും വീണ്ടും തത്തുല്യ ചൈതന്യം ഈ മണ്ണിലേക്ക് വന്നാല്‍ മാത്രമേ ഭൂമി ശുദ്ധി ആവുകയുള്ളൂ എന്നും അതിനുള്ള പരിഹാര കര്‍മ്മങ്ങള്‍ ചെയ്യണമെന്നും ദേവജ്ഞര്‍ വിധിച്ചു. ദോഷ നിവാരണത്തിനായി പലപല കാര്യങ്ങള്‍ ചെയ്തു. അതില്‍ത്തന്നെ 2011 ഡിസംബര്‍ 4 മുതല്‍ നടന്ന മഹാനവചണ്ഡികാഹോമവും ദേവീ ഭാഗവത സപ്താഹവും ക്ഷേത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്‍റെ തന്ത്രി വര്യനായ ബ്രഹ്മശ്രീ മഞ്ജുനാഥ അഡിഗയുടെ നേതൃത്വത്തില്‍ ആണ് ചണ്ഡികാഹോമം നടന്നത്. ഹോമത്തിന് തലേന്ന് ഈ നാട്ടില്‍ പെയ്ത മഹാമാരി ആരും മറന്നു കാണില്ല. ഒരുപക്ഷേ പ്രകൃതി തന്നെ മഴ കൊണ്ട് ഈ നാട് ശുദ്ധീകരിച്ചതാവാം. പിന്നീടുള്ള ക്ഷേത്ര നവീകരണപരിപാടികള്‍ ദ്രുതഗതിയിലായിരുന്നു. പഞ്ചവര്‍ഗ്ഗ തറ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടുള്ള രണ്ട് ആചാര്യന്മാര്‍ ദേവീ സന്നിധി പൂകിയതും ഇന്നാട്ടുകാര്‍ ഓര്‍മ്മിക്കുന്നുണ്ട്.
കാര്യസിദ്ധിപൂജ
കൂട്ടപ്രാർത്ഥന കൊണ്ട് മന്ത്രമുഖരിതമായാല്‍ മാത്രമേ ക്ഷേത്ര പുരോഗതി നാം ആഗ്രഹിക്കുന്ന വിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ ആവുകയുള്ളൂ എന്ന തിരിച്ചറിവില്‍നിന്ന് ആണ് 2006-മുതല്‍ കൊല്ലം പുതിയകാവ് മാമിയുടെ നേതൃത്വത്തില്‍ ഇവിടെ കാര്യസിദ്ധിപൂജ ആരംഭിച്ചത്. ലളിതാസഹ്രസനാമ അര്‍ച്ചനയും കര്‍പ്പൂരാരാധനയും കലശപൂജയും എല്ലാ ചൊവ്വാഴ്ചയും ഈ ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി മാറ്റി. പൂഞ്ഞാര്‍ കാര്‍ത്തികേയന്‍ തന്ത്രിയുടെ ദേഹവിയോഗ ശേഷം രണ്ടു വര്‍ഷക്കാലത്തോളം തന്ത്രി ഇല്ലാതെതന്നെ പൂജാ കാര്യങ്ങള്‍ ചെയ്തു. പ്രതിഷ്ഠാ തന്ത്രിക്ക് പിന്തുടര്‍ച്ചാവകാശം ഇല്ലാത്തതിനാല്‍ ക്ഷേത്രത്തിലെത്തന്നെ തന്ത്രിസ്ഥാനം ആര്‍ക്ക് നല്‍കണം എന്നതിനെപ്പറ്റി പിന്നീട് ചിന്തിച്ചു. ദേവജ്ഞന്മാരുടെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്‍റെ തന്ത്രം പിന്നീട് കൊല്ലൂര്‍ ശ്രീ മൂകാംബിക ദേവീ ക്ഷേത്രത്തിന്‍റെ തന്ത്രി കുടുംബത്തിന് കൈമാറി. ശ്രീശങ്കരന്‍റെ ശിഷ്യപരമ്പരയില്‍ 222-)മത് തലമുറയിലുള്ള ബ്രഹ്മശ്രീ. നിത്യാനന്ദ അഡിഗ, ഭഗവതിയുടെ തൃപ്തി അനുസരിച്ച് 2016-ല്‍ തന്ത്ര സ്ഥാനമേറ്റെടുത്തു.
ക്ഷേത്രത്തിലെ ദേവതാ സങ്കല്പങ്ങള്‍
ഭയഭക്തിബഹുമാനങ്ങളോടുകൂടി അല്ലാതെ ഈ ക്ഷേത്രത്തെയും ഇവിടെ കുടികൊള്ളുന്ന ചൈതന്യത്തേയും ആരൊക്കെ സമീപിച്ചിട്ടുണ്ടാ അവര്‍ക്കെല്ലാം തന്നെ വലിയ തിരിച്ചടികള്‍ ഉണ്ടായതിന് ജീവിക്കുന്ന ഉദാഹരണങ്ങള്‍ ധാരാളം ആണ്. എന്നാല്‍ സ്‌നേഹ സമ്പന്നയായ അമ്മ തന്‍റെ ഭക്തരായവര്‍ക്ക് അനുഗ്രഹങ്ങള്‍ കോരി ചൊരിയുന്നതും അനുഭവ സാക്ഷ്യങ്ങള്‍ ആണ്. പ്രധാന പ്രതിഷ്ഠയായ ശ്രീഭദ്രയെ കൂടാതെ ഉപദേവതാ സ്ഥാനങ്ങളില്‍ ഗണപതി, കീഴ്ക്കാവിലമ്മ, കരിങ്കുറ്റിയാന്‍, ബ്രഹ്മരക്ഷസ്, മായന്‍കുട്ടി, വിഷ്ണു, കോതേശ്വരി, പതിമൂര്‍ത്തികള്‍ തുടങ്ങി 127 ഉപ മൂര്‍ത്തികള്‍ അടങ്ങുന്ന അകമ്പടി സേനയോടെ ആണ് കുറ്റിക്കാട്ട് ശ്രീഭദ്രകാളി കുടികൊള്ളുന്നത്.
കരിങ്കുറ്റിയാന്‍
ക്ഷേത്രത്തിന്‍റെ വടക്കുപടിഞ്ഞാറായി കിഴക്കോട്ട് ദര്‍ശനം നല്‍കി ദേവിയുടെ അനുജ്ഞ നടപ്പിലാക്കുവാന്‍ തയ്യാറെടുത്ത് പ്രാര്‍ത്ഥിച്ച് നില്‍ക്കുന്ന രൂപത്തിലാണ് കരിങ്കുറ്റിയാനെ സങ്കല്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നത്. വെളിച്ചപ്പാടന്മാര്‍ കരിങ്കുറ്റിയാനെ പൂജിച്ച് മോഷണം തെളിയിച്ചിരുന്നുവത്രേ. ദേവിയുടെ അനുജ്ഞ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം കരിങ്കുറ്റിയാനാണ് ഉള്ളത്. ദേവിയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം കരിങ്കുറ്റിയാനെക്കൂടി പൂജിച്ച് തൃപ്തിപ്പെടുത്തേണ്ടതുണ്ട്. കരിങ്കുരുതിയാണ് കരിങ്കുറ്റിയാന്‍റെ ഇഷ്ട നിവേദ്യം. മദ്യവും സമര്‍പ്പിക്കാറുണ്ട്.
ബ്രഹ്മരക്ഷസ്സ്
പണ്ട് പുരാതനകാലത്ത് ക്ഷേത്രോല്പത്തിയോടനുബന്ധിച്ച് ആരാധന തുടങ്ങിയ കാലത്ത് ഭദ്രകാളി പൂജയ്ക്കായി മായന്‍കുട്ടി എന്ന ഒരു യോഗീശ്വരന്‍ എത്തിച്ചേരുകയും ദേവിക്ക് പൂജാകര്‍മ്മങ്ങളും നേദ്യങ്ങളും സമര്‍പ്പിച്ച് ആരാധന നടത്തിയിരുന്നുവത്രെ. ആ യോഗീശ്വരന്‍ വിളിച്ചാല്‍ വിളിപ്പുറത്ത് ഭദ്ര എത്തുമായിരുന്നു. അങ്ങനെ യോഗീശ്വരന്‍ പൂജാരിയായി മാറി. എന്നാല്‍ അദ്ദേഹത്തിന് ശേഷം പിന്തുടര്‍ച്ച അവകാശിയായി ആരുമുണ്ടായില്ല. തുടര്‍ന്ന് നാട്ടുപ്രമാണിമാര്‍ ആ കാര്യം ഏറ്റെടുത്തു. ദേവിയുടെ അഭീഷ്ടപ്രകാരം വെളിച്ചപ്പാടന്മാര്‍ പിന്നീട് പൂജാ കാര്യങ്ങള്‍ ചെയ്തു തുടങ്ങി. മീനമാസത്തിലെ അശ്വതിനാളിലും മേടമാസത്തിലെ പത്താമുദയത്തിലും മലയാള മാസം ഒന്നാം തീയതികളിലും മാത്രമാണ് ആ കാലഘട്ടങ്ങളില്‍ ഇവിടെ പൂജ ഉണ്ടായിരുന്നത്. പിന്നീട് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലും പൂജാകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു തുടങ്ങി. (വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം നിത്യപൂജയും ആരംഭിച്ചു). മായന്‍ കുട്ടിയുടെ ശക്തമായ സാന്നിധ്യം അപ്പോഴും ഇവിടെ ഉണ്ടായിരുന്നു. ബ്രഹ്മരക്ഷസ് എന്ന സങ്കല്പത്തില്‍ ആ ചൈതന്യത്തെ ആവാഹിച്ച് കോട്ടയത്തിനടുത്തുള്ള തിരു അയ്മനത്ത് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ കുടിയിരുത്തുകയുണ്ടായി. ബ്രഹ്മരക്ഷസ്സിന് നിത്യ പൂജയ്ക്ക് ആവശ്യമായ കൃഷിസ്ഥലം കൂടി കണ്ടെത്തി എഴുതിക്കൊടുത്തു അത്രേ.
കോതേശ്വരി
ശ്രീഭദ്രയുടെ തോഴിയും തുണയുമായി 21 ഉപദേവതകളോടൊപ്പം കോതേശ്വരി, ക്ഷേത്രത്തിന്‍റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി കുടികൊള്ളുന്നു. കോതേശ്വരിയുടെ ഭൂതഗണങ്ങള്‍ ആണ് പതിമൂര്‍ത്തികള്‍ എന്ന് വിളിക്കുന്ന ഉപദേവതമാര്‍. വറപൊടി, അപ്പം, അട തുടങ്ങിയവ കൂടാതെ പണ്ട് മത്സ്യവും മാംസവും ഒക്കെ ഇവിടെ നിവേദിച്ചിരുന്നു. പുട്ടും കടലയും പപ്പടവും ഇപ്പോഴും ചിലര്‍ അമ്മയ്ക്ക് സമര്‍പ്പിക്കാറുണ്ട്. താംബൂല നിവേദ്യമാണ് ഇഷ്ട വഴിപാട്.മീനമാസത്തെ അശ്വതിനാളിന് മുന്‍പ് എല്ലാവര്‍ഷവും കോതേശ്വരിയുടെ സംതൃപ്തിക്കായി വെള്ളംകുടി നടത്താറുണ്ട്.
കരിമ്പന
ക്ഷേത്രോത്ഭവ കാലഘട്ടം മുതല്‍ കരിമ്പനയും ഈ ക്ഷേത്രത്തിന്‍റെ ഭാഗമാണ്. വള്ളിയാങ്കാവിലെ വനദുര്‍ഗ്ഗ, കരിമ്പന ചുവട്ടിലെ കല്‍വിളക്കിലാണ് ഭദ്രദീപമായി തെളിഞ്ഞതെന്ന് വിശ്വസിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരെ കരിമ്പനച്ചുവട്ടില്‍ കൊണ്ടുവന്ന് മുടികുത്തി അവരുടെ ഉന്മാദ ഭാവത്തെ പാടെ മാറ്റി ശാന്തജീവിതത്തിലേക്ക് മടക്കി വിടുന്നു. ഇന്നും ഈ കാഴ്ച ഇവിടെ നിത്യസംഭവമാണ്.
വടവ്യക്ഷം
ക്ഷേത്രത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നില്‍ക്കുന്ന ആല്‍മരത്തിന് വിഷ്ണു ചൈതന്യം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇത് തിരിച്ചറിയാതെ ആദ്യകാലഘട്ടത്തില്‍ ഈ മരം മുറിച്ചു കളയുവാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ട് . അപ്പൊഴെല്ലാം വലിയ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് ആല്‍മരം വെട്ടുന്ന വിഷയത്തില്‍ ആരൂഢം തെളിഞ്ഞില്ല. തുടര്‍ന്ന് ദേവജ്ഞന്മാരുടെ അഭിപ്രായപ്രകാരം ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട ആല്‍മരം ആയതിനാല്‍ വ്യക്ഷരാജായ അതിനെ പൂജിക്കുവാന്‍ തീരുമാനിച്ചു. അഭീഷ്ട കാര്യസിദ്ധിക്കായി മണികെട്ടി പൂജിച്ചവര്‍ക്കും തൊട്ടില്‍ കെട്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും അത്ഭുതകാര്യസിദ്ധി ആണ് സംഭവിക്കുന്നത്.
യക്ഷിയമ്മ
ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കല്‍വിളക്കിനു സമീപമുള്ള കരിമ്പനയില്‍ ആണ് യക്ഷിയമ്മ കുടികൊള്ളുന്നത്. കറുത്ത പട്ടും കരിവളയും വറപൊടിയും ഒക്കെ അമ്മയ്ക്ക് നിവേദിക്കുന്നു. ഉന്മാദികളായി മുടികുത്തിനെത്തുന്ന സ്ത്രീകളില്‍ നിന്നും ബാധകളെ ഒഴിവാക്കുന്നത് യക്ഷിയമ്മ ആണ് എന്ന് വിശ്വസിക്കുന്നു.
കീഴ്ക്കാവിലമ്മ
ക്ഷേത്രത്തിന്‍റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കിഴക്ക് തിരിഞ്ഞു കീഴ്ക്കാവിലമ്മ കുടികൊള്ളുന്നു.
നാഗ പ്രതിഷ്ഠ
ക്ഷേത്രത്തിന് വടക്ക് കിഴക്ക് ഭാഗത്തായി നാഗ പ്രതിഷ്ഠയുണ്ട്. നാഗരാജാവിനെയും നാഗയക്ഷിയെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. വിശേഷദിവസങ്ങളില്‍ നാഗത്തറയുടെ സമീപത്ത് ദുരിത ദോഷങ്ങള്‍ അകലുവാനും കുടുംബ ഐശ്വര്യം വര്‍ദ്ധിക്കുവാനും ആളുകള്‍ പുള്ളുവന്‍ പാട്ട് വഴിപാടായി നടത്തുന്നു.
ശ്രീ ഗണപതി
വളരെയേറെ വിശേഷമുള്ള ഗണപതി സാന്നിധ്യമാണ് കുറ്റിക്കാട്ട് ഉള്ളത്. വലംപിരി ഗണപതി ആണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. വലംപിരിശംഖ് പോലെതന്നെ വലംപിരി ഗണപതിയും കൂടുതല്‍ ഐശ്വര്യപ്രദമാണ്. സര്‍വ്വ തന്ത്ര സാരമായ ഓംകാര സ്വരൂപിയായ ഗണപതി ഭഗവാന്‍ ഇവിടെ കന്നിമൂലയില്‍ ഭഗവതിക്ക് അഭിമുഖമായി കുടിയിരിക്കുന്നു.
ഉത്സവങ്ങള്‍
കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ വളരെ പ്രധാനപ്പെട്ട 2 ഉത്സവങ്ങളാണ് മീനത്തിലെ അശ്വതി നാളില്‍ നടക്കുന്ന അശ്വതി മഹോത്സവവും മേടമാസത്തിലെ പത്താമുദയ മഹോത്സവവും. കുറ്റിക്കാട്ട് അമ്മയുടെ പിറന്നാള്‍ ആയിട്ട് കണക്കാക്കുന്നതും ആബാലവ്യദ്ധം ജനങ്ങളും ആഘോഷത്തോടെ കൊണ്ടാടുന്നതുമാണ് മീനമാസത്തിലെ അശ്വതിനാള്‍. ഈ കരയിലുള്ളവര്‍ അന്നേദിവസം ക്ഷേത്രത്തില്‍ എത്തുകയും അമ്മയുടെ പ്രസാദമൂട്ടില്‍ പങ്കെടുക്കുകയും ചെയ്യുന്നു. സന്ധ്യ കഴിയുമ്പോള്‍ ഊരുചുറ്റി തിരികെ എത്തുന്ന അമ്മയെ രഥത്തിലേറ്റി ആബാലവൃദ്ധം ജനങ്ങളും ഒത്തുചേര്‍ന്നു സ്ത്രീജനങ്ങള്‍ കയ്യില്‍ താലമേന്തി വരവേറ്റ്, ഗരുഡന്‍ തുടങ്ങി വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ഭക്തിനിര്‍ഭരമായ ഘോഷയാത്ര നയനാനന്ദകരവുമാണ്. മേടമാസത്തിലെ പത്താമുദയം ഈ കരയുട ആഘോഷമാണ്. വിവാഹം കഴിച്ചോ, ജോലിസംബന്ധമായോ അന്യദേശങ്ങളില്‍ പോയവര്‍ പോലും കുറ്റിക്കാട്ടമ്മയുടെ പത്താമുദയ മഹോത്സവത്തിന് നാട്ടില്‍ മടങ്ങി വരുന്നത് അതുകൊണ്ടാണ്. പ്രകൃതി തന്നെ ആ സമയത്ത് എത്രമാത്രം ഉത്സാഹവതിയായിരിക്കുമെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. നാട്ടുകാര്‍ക്കൊപ്പം ഈ പ്രദേശത്താകമാനം ഒരു ചൈതന്യം നിറയുന്നത് ഏവര്‍ക്കും അനുഭവമുള്ളതാണ്. ഉത്സവത്തോടനു ബന്ധിച്ചുള്ള കുംഭകുടം ആണ് ഇന്നാട്ടിലെ ഏറ്റവും വലിയ ജനകീയ മഹോത്സവം.
ആരാധനാ സമയം
എന്നും പുലര്‍ച്ചെ 5ന് ആണ് ഇവിടെ നടതുറക്കുന്നത്. ഉച്ചപൂജ കഴിഞ്ഞു സാധാരണ ദിവസങ്ങളില്‍ 10 ന് നട അടയ്ക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 വരെയും ഞായറാഴ്ച രാവിലെ 11 വരെയും നട തുറന്നിരിക്കും. വൈകുന്നേരം 5ന് വീണ്ടും നടതുറന്ന് രാത്രി എട്ടിന് അത്താഴപൂജ കഴിഞ്ഞ് ഉറക്കുപാട്ടോടെ നട അടയ്ക്കും. (സുപ്രസിദ്ധ സംഗീതജ്ഞനും തൃപ്പൂണിത്തുറ സംഗീത കോളേജ് അദ്ധ്യാപകനും ഈ നാട്ടുകാരനുമായ കോട്ടയം പ്രകാശ് ആണ് ദേവിയുടെ ഉറക്കുപാട്ട് രചിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നത്.) കണ്ണടച്ചു കൈകൂപ്പി നില്‍ക്കുന്ന ഭക്ത ജനങ്ങളുടെ കണ്ണീരൊപ്പുന്ന കരുണയുടെ കടലാണ് കുറ്റിക്കാട്ട് ശ്രീ ഭദ്രകാളി. അണമുറിയാതെ അഭയം തന്ന് അടുത്ത് ചേര്‍ത്തുനിര്‍ത്തുന്ന മാതൃവാത്സല്യമാണ് കുറ്റിക്കാട്ടമ്മ. ഐഹിക ജീവിതത്തിന്‍റെ ദുരിതക്കയങ്ങളില്‍പെട്ട് ഉഴലുമ്പോള്‍ അറിഞ്ഞൊന്നു വിളിച്ചാല്‍ അലതല്ലി അടുത്തെത്തുവാന്‍ അമ്മയ്ക്ക് താമസമില്ല. സര്‍വൈശ്വര്യപ്രദായിനിയായ കുറ്റിക്കാട്ടമ്മ ഏവര്‍ക്കും നല്ലതു വരുത്തട്ടെ.